Monday, October 13, 2008

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുന്ന ഒരു കുഞ്ഞു വീട് | a nostalgic home

ഇത്
ഞാന്‍ അറിയുന്ന ഒരു കുഞ്ഞു വീട്!
ഇവിടെ നിഴലും വെളിച്ചവും ചേര്‍ന്ന്
ഒരു കവിതയൊരുക്കിയിരിക്കുന്നു.
ഞാന്‍ ആ വരികളുടെ മനോഹാര്യത
എന്റെ ചിത്രങ്ങളില്‍ ഒപ്പിയെടുത്തൂ...


അന്ന്, ആ സായം സന്ധ്യയില്‍,
കായലോള ങ്ങളെ നോക്കിയിരുന്നപ്പോള്‍
നീ സ്വപ്നം കണ്ട വീടിന്റെ സൌന്ദര്യം
എനിക്കനുഭവപ്പെട്ടു ഇവിടെ.
നിന്നെയും അതെനിക്കു കാണിക്കണം
എന്നു തോന്നി!


ഞാന്‍ പങ്കുവെക്കുന്നു .

_______________________________________________________________________
മണിചിത്രതാഴിട്ടഈ വാതിലുകള്‍
ഞാന്‍ ചെന്നപ്പൊഴേ
പാതി തുറന്നു നില്ക്കുകയായിരുന്നു,
ആരെയോ പ്രതീക്ഷിക്കുന്നപോലെ.
അടയാത്ത വതില്‍ പാളികള്‍ വിരുന്നുകാരന്റെ മനസ്സില്‍
വസന്തകാലത്തിന്റെ വരവറിയിക്കുന്നആദ്യത്തെ പൂമൊട്ടാണ്‌
എന്ന നിന്റെ കവിതാ സങ്കല്‍പം
ശരിയാണെന്നെനിക്കതുകണ്ടപ്പോള്‍ തോന്നി.

_______________________________________________________________________


ഇതു സ്വീകരണമുറി.
ജനലിനപ്പുറത്ത്നിന്നും വരുന്ന സൂര്യ കിരണങ്ങളെ
ഒരു ഓറഞ്ച് നിറമുള്ള അരിപ്പയിലൂടെ
അരിച്ചെടുത്ത്പോലെയാണി മുറിയിലെ വെളിച്ചം,
കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന
നെല്‍പാടങ്ങളെ തഴുകുയുണര്‍ത്തുന്ന
പ്രഭാത കിരണങ്ങളുടെ നിറച്ചര്‍ത്ത്പോലെ!


_______________________________________________________________________

ഇനി ഒരല്‍പം വെള്ളം കുടിച്ചിട്ടവാം സംസാരം.
ചില്ലിട്ട ഈ വൃത്താകൃതിയിലുള്ള ഊണ്‍മേശയില്‍
ദാഹശമനിയിട്ടു തിളപ്പിച്ച് ചൂടു തണുത്ത വെള്ളം
സൂക്ഷിച്ച ജഗ്ഗില്‍ നിന്നും ആവശ്യത്തിന്ന്
വെള്ളം കുടിച്ച് കഴിയുക്കുമ്പൊള്‍ ദീര്‍ഘയാത്രയുടെ
ക്ഷീണം എവിടെയോ പോയി മറയുംന്നതായി തോന്നും.


_______________________________________________________________________



ഇരുന്ന് സംസാരിക്കാനിത്ര നല്ല ഒരു സ്ഥലം
വേറെ എവിടെക്കിട്ടാന്‍...
ഈ പടികളിരുന്ന് അഥിതിയുടെ സംസാരത്തില്‍
പങ്കെടുക്കുന്ന ആഥിതേയന്‍,
 ഒരു പഴയ വീടിന്റെ സുഖം നുണയുന്നുണ്ടാവണം.
നിനക്കും കൊതിയാവുന്നില്ലെ
ഈ കോണിപ്പടികളിരുന്ന് സംസാരിക്കാന്‍?


_______________________________________________________________________

 
നടരാജശില്‍പം.
 പലതവണ പലസ്ഥലത്തുവച്ചും കണ്ട്തുതന്നെയാണ്‌.
എങ്കിലും ഇപ്പോ വീണ്ടും കണ്ടപ്പോ, എതോ കൌതുകം!
ഒരു പക്ഷെ പുറകിലേക്കു വേഴുന്ന വെളിച്ചമാകാം
ഇതിനൊരു പ്രത്യേക ഭംഗി നല്‍കുന്നത്.


_______________________________________________________________________




 
അടുക്കള.
ഗ്യാസ് സ്റ്റൌവിനപ്പുറമുള്ള ജനാലയിലൂടെ
ഉള്ളിലേക്കെത്തുന്ന ഈ പച്ചപ്പ്
ഗ്രാമീണതയുടെ ഐശ്വര്യം തന്നെയാണ്.
 ഈ അടുക്കളയിലെപാചകം സ്വദേറിയതായിരിക്കും.
എനിക്ക് ആ കാര്യത്തില്‍ സംശയം തീരെയില്ല!

_______________________________________________________________________




സ്റ്റെയര്‍കെയ്സിലേക്കു വെളിച്ചം കിട്ടുന്നതിന്നായി
നേരെ മുകളില്‍ ചില്ലിട്ട ഒരു ജാലകം.
നേരിട്ട് വീഴുന്ന സുര്യകിരണങ്ങള്‍, കടുംനിറമുള്ളചുമരില്‍,
ഒരു പ്രകാശധാര സൃഷ്ടിക്കുന്നു.
നിന്റെ സ്വപ്നങ്ങള്‍ക്ക് നിറങ്ങള്‍ചാലിച്ചെടുത്തതുപോലെയാണ്‌
ഈ വീടിന്റെ ചായക്കൂട്ടുകള്‍.
എവിടെയൊക്കെയോ തങ്ങിനില്‍ക്കുന്ന പ്രകാശത്തിന്റെ
 ഒരു പുഞ്ചിരി,ആ ചായക്കൂട്ടുകള്‍ക്ക്, മനസ്സില്‍ പതിഞ്ഞ
ഒരു പഴയ ചിത്രത്തിന്റെ ബാക്ക്ഡ്രോപ്പിനോട്
സാമ്യം തോന്നിപ്പിക്കുന്നു.

______________________________________________________________________



ഒരു റീഡിങ്ങ് റൂമിനു വേണ്ട
വെളിച്ചം മാത്രമെ ഈ മുറിയിലേക്കെത്തുന്നുള്ളൂ.
ഒന്നമത്തെ നിലയിലായതിനാല്‍
താഴെയുള്ള ബഹളത്തില്‍നിന്നും ഒഴിഞ്ഞ്
വായനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാം.
എല്ലാംകൊണ്ടും,
പുസ്തകങ്ങളുടെ ലോകത്തിലേക്ക് പോവാന്‍പറ്റിയ ഒരു അന്തരീക്ഷം!

_______________________________________________________________________



പ്രകൃതിയിലേക്കു തുറന്ന ഈ മട്ടുപ്പാവായിരുന്നില്ലെ
നിന്റെ സ്വപ്നഗൃഹത്തിലെ നമ്മുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.
തോരാതെ പെയ്യുന്ന ആ മഴയിലേക്കു നോക്കിയിരിക്കാന്‍
നീ ഏറ്റവും കൊതിച്ചിരുന്ന ആ ഇരിപ്പിടമല്ലെ അത് ! 
മഴത്തുള്ളികള്‍ തെങ്ങോലകളില്‍ വീഴുന്നത്
നിനക്കിവിടെയിരുന്നല്ലെ കാണേണ്ടത് !
പാതിയാക്കിവച്ച പുസ്തകം കയ്യില്‍പിടിച്ചുകൊണ്ട്,
കാറ്റില്‍ പറക്കുന്ന മുടിയിഴകളെ ഒരു കയ്കൊണ്ടൊതുക്കിനിര്‍ത്തി,
മഴയാസ്വദിക്കുന്ന നീയായിരുന്നു എന്റെ മനസ്സില്‍ നിറയെ,
 ഈ ഫ്രെയിം ഞാന്‍ പകര്‍ത്തുമ്പോള്‍.

നിര്‍ത്തുന്നു..
സ്നേഹത്തോടെ,
ഞാന്‍

Thursday, September 4, 2008

എന്റെ യാത്രകള്‍ എന്നും പ്രണയാര്‍ദ്രങ്ങളായിരുന്നു...


 
ഇതൊരു യാത്രയാണ്...
എന്തിനെയോ തേടി, ഏതൊക്കെയോ വഴികളിലൂടെയുള്ള ഒരു യാത്ര. 
ഇവിടെ നീയും ഞാനും  നിഴലും നിലാവും അന്യരല്ല.
അതുകൊണ്ടുതന്നെ നിന്നെ ഞാന്‍ വിളിക്കുന്നില്ല. 
കൂടെവരണം എന്നും പറയുന്നില്ല.
എങ്കിലും, എനിക്കറിയാം , യാത്രകള്‍ നിനക്കിഷ്ടമാണെന്ന്,
ഒരുപാടൊരുപാടിഷ്ടമാണെന്ന്... 
                                                                  സ്വന്തം നളന്‍

                              ശിവാനസമുദ്രം | sivanasamudram                    

ഇന്ന് സെപ്റ്റമ്പറിലെ ആദ്യത്തെ ബുധനാഴ്ച. 
ഇന്നത്തെയാത്രയുടെ ലക്ഷ്യം 'ശിവാനസമുദ്രം' ആണ്. 
ബാങ്ക്ലൂരിലെ നഗരത്തിരക്കുകളില്‍നിന്നും ഏതാണ്ട് നൂറുകിലോമീറ്റര്‍ അകലെ, 
കാണാനുള്ളത് അതിമനോഹരങ്ങ്ളായ വെള്ളച്ചാട്ടങ്ങളും 
ശാന്തമായൊഴുകുന്ന കാവേരി നദിയും 
പിന്നെ നിനക്കും എനിക്കും നഷ്ടപ്പെട്ട ഗ്രാമത്തിന്റെ ശലീന സൌന്ദര്യങ്ങളും!
... ഒരു മഴദിവസത്തിന്റെ കുളിര്‍മയില്‍ യാത്ര തുടങ്ങി.

_______________________________________________________________________
                     
ഇത് കാവേരി.
ഈ പുഴയില്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ 
അങ്ങ് ദൂരെ മലയിനിന്നും വന്ന് നമ്മെയും തഴുകിത്തലോടിയൊഴുകുന്ന
ഈ തെളിനീരിന്റെ ഇത്തിരി തണുപ്പ് 
നിനക്കും ഓര്‍മ്മകളുടെ ഒരു വേലിയെറ്റം തരും. 
നിനക്കും എനിക്കും മാത്രമറിയാവുന്ന, ഹൃദയത്തിന്റെ പ്രകാശമെത്താത്ത ആ കുഞ്ഞറകളില്‍, 
ഇവിടെയുള്ള ഇത്തിരി നേരവും നമുക്കു സൂക്ഷിക്കാം 
ഒരു ചിരാതുപോലെ...
_______________________________________________________________________

 
പണ്ട് , ഒരുപാടു കാലങ്ങള്‍ക്കുമുന്‍പ്,
മുത്തശ്ശികഥകളുടെ കാലത്ത്,
രാജാവും രാജകുമാരിമാരും മന്ത്രിമാരുമൊക്കെയുണ്ടായിരുന്ന ആ കാലത്ത്,
കാവേരിയുടെ ഈ കയ്‌വഴിക്കു കുറുകെ നടക്കാനായി ഉണ്ടായിരുന്നതാണീ കല്‍പാലം. 
ഇന്നിപ്പൊ, പുതുതായി ഉണ്ടാക്കിയ മറ്റൊരു പാലം വഴിയാണ്‌ പ്രധാന ഗതാഗതമെങ്കിലും, 
നമുക്ക് ഈ പഴയപാലത്തിലൂടെ തന്നെ നടക്കണം. 
എന്നിട്ട്, നീയെന്നും പറയാറുള്ളപോലെ, 
രാത്രി ആകാശത്ത് ഒരു കുഞ്ഞു നക്ഷത്രമായിവന്നെത്തുന്ന മുത്തശ്ശിയോടു പറയാം 
'ആ പഴയപാലത്തിലൂടെ 
നമ്മളൊരുപാടു ദൂരം നടന്നൂ '
എന്ന്...




ഇനിയും പറയാനുണ്ട് 
ഈ യാത്രയുടെ വിശേഷങ്ങള്‍!
പറയാം, ഇനിയൊരിക്കലാവട്ടെ...

Followers